.
.
മരംവാതില്പടി ചാരി ഇരിപ്പായി
ഇലകളെ ഓര്‍ത്തുള്ള പിടച്ചിലും
പറച്ചിലുമായി.
ബഞ്ചില്‍ കാല് കയറ്റി നെടുവീര്‍പ്പായി
കൊമ്പോട് കൊമ്പ് പിണഞ്ഞതോര്‍ത്തുള്ള
തൈലം തിരുമ്മലായി
കട്ടിലില്‍ നിവര്‍ന്ന നെഞ്ചുഴിച്ചിലായി
കാറ്റ് കൊഴിച്ച പഴങ്ങളെണ്ണിയെണ്ണി
ആറാത്ത കിതപ്പായി
തണലായിരുന്നതിന്റെ
തണുപ്പോര്‍ത്ത്
ഇടക്കിടെ കോരിത്തരിക്കുന്നുണ്ട്
മച്ചിലേക്ക് വലിഞ്ഞുകയറി
എലിയോടും പെരുച്ചാഴിയോടും
കൂട്ട് കൂടി
പക്ഷികളെ മാടി വിളിക്കുന്നുണ്ട്
അടുപ്പാഴത്തിലേക്ക് നുഴഞ്ഞ്
കത്തിപ്പടര്‍ന്നാളി
വേനല്‍ക്കാലങ്ങളെ
ഉള്ളിലിട്ട് പൊള്ളിക്കുന്നുണ്ട്
കറുത്ത്
ഉരുണ്ട് വന്നൊരു പുക
ബഞ്ചിലിരുന്നതിന്റെ
കട്ടിലില്‍ കിടന്നതിന്റെ
വാതില്‍ തുറന്നതിന്റെ
അടയാളമുണ്ട്.
മച്ച് പൊളിച്ച്
മേഘങ്ങളിലേക്ക്
മഴ തിരഞ്ഞ് പോകുന്നത്
കണ്ടുവോ?